Midhin Mohan
അന്ന്........
മൂവാണ്ടന്‍ മാവിന്‍ ചുവട്ടില്‍ മണ്ണപ്പം ചുട്ടു കളിക്കുമ്പോള്‍
നീയെന്നെയൊരിക്കലും കറുമ്പനെന്നു ചൊല്ലിക്കളിയാക്കിയില്ല......
പള്ളിക്കൂടം വിട്ടു വരുന്നേരം പെരുമഴയത്ത് ഒക്കെയും നിന്റെ-
കുടക്കീഴില്‍ എന്നെയും ചേര്‍ക്കുമ്പോള്‍ മേനി നടിച്ചില്ല......
തെരുവിലെ പെട്ടിക്കടയില്‍ നിന്നു നാരങ്ങാ മിഠായി വാങ്ങി-
നുണയുമ്പോള്‍ 'നിറം' തിരിച്ചില്ല; 'പച്ച'യെന്നും 'ചുവപ്പെന്നും'.......
പങ്കു വെയ്ക്കാന്‍ പാത്രമില്ലാത്തപ്പോള്‍ ഒരിലയില്‍ നിന്നുണ്ടൂ;
കിട്ടിയതിലൊക്കെയും ഒരു പങ്കു മാറ്റി വച്ചു; പരസ്പരം.........

ഇന്ന്......
'നിറങ്ങള്‍' തിരിച്ചറിയും പ്രായത്തില്‍ നമുക്കോരോ കൊടി കിട്ടി..
നിനക്കു പച്ചയും, എനിക്ക് ചുവപ്പും... പിന്നെയും.....
നമുക്കിടയിലോരോ കരിനിറങ്ങള്‍ വേലി കെട്ടി.....
മനസ്സിനുള്ളിലവ സംഹാര താണ്ഡവമാടുമ്പോള്‍ .....
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം മറന്നു; പിന്നഛനെയും.
നിറങ്ങളറിയാത്ത പിഞ്ചു സോദരരുടെ രോദനങ്ങളും....
പാവം പ്രണയിനി തന്‍ വെളുത്ത സ്നേഹവും, ജീവനും.....

വീണ്ടുമേതോ കരി നിറങ്ങള്‍ക്കായി മദിച്ചു
മത്സരിച്ചു- ,
തമ്മില്‍ വെട്ടിക്കീറുമ്പോള്‍ മാത്രം നമ്മളറിഞ്ഞു;....
നമ്മുടെ രക്തത്തിനൊരു നിറം മാത്രമന്നുമിന്നും!....
പ്രജ്ഞയറ്റ മാംസ പിണ്ഡങ്ങള്‍ മാത്രമാണിന്നു നാം; നമ്മുടെ
മനസ്സാക്ഷിയെങ്കിലും കൊത്തി വലിക്കാതിരിക്കട്ടെ, കരിം കഴുകന്മാര്‍!........

Midhin Mohan
തീരുമാനങ്ങള്‍ മാറ്റി വയ്ക്കുന്നതാണെപ്പോഴും-
എന്‍ പരാജയകാരണം എന്നറിഞ്ഞതിനാല്‍,

അവ ഇനിയൊരിക്കലും മാറ്റി വയ്ക്കില്ലെന്ന തീരുമാനം
ഞാന്‍ തല്‍ക്കാലം മാറ്റി വയ്ക്കുന്നു.....


കാരണം.....................


എനിക്കുറക്കം വരുന്നു..............



Midhin Mohan

മഞ്ഞക്കണിക്കൊന്ന എന്നും നമുക്കായി പൂക്കുന്നു...
കിളി കൊത്താതെ, വെയില്‍ കരിക്കാതെ,എന്നും
ഒരു പൂങ്കുലയെങ്കിലും ബാക്കി വയ്ക്കുന്നു....
വിരഹത്തിലും, എന്നുമവ കണി കാണാം,
നിന്റെ സൌഹൃദത്തിന്റെ ഓര്‍മകള്‍ക്കായ്‌ ...
നിന്നോര്‍മയില്‍ ഞാന്‍ മരിച്ചെങ്കിലും, നിനക്കായ്...
അന്ധതയാല്‍ നിനക്കവ കാണാനായേക്കില്ല,
അഥവാ കഴിഞ്ഞാല്‍ തന്നെ ഉണക്കച്ചുള്ളികള്‍;
ഇലയും പൂവും പുഴു കടിച്ചവ; കരിഞ്ഞുണങ്ങിയവ!

എങ്കിലും പ്രിയസഖീ, ഞാന്‍ കാത്തിരിക്കാം,
നിന്നകക്കണ്ണു തുറക്കും വരെ, വെളിച്ചമായ്‌...
എങ്കിലുമാ പൂങ്കുല ഒറ്റക്കാവില്ല, കാരണം;-
സ്വപ്നങ്ങളിലെന്നും ഞാനതിനെ താരാട്ടുന്നു...
അവ പിച്ചിചീന്തപ്പെടില്ല; മേടക്കാററില്‍,
തല്ലിക്കൊഴിക്കപ്പെടില്ല ; തുലാമഴയില്‍.....
ഋതു ഭേദങ്ങളില്‍ നിറം മങ്ങാതെ, മായാതെ,
ഒരു നുള്ളു സ്വര്‍ണനൂല്‍ കനവു കൊണ്ടവ-
നമ്മുടെ സൌഹൃദത്തെ വീണ്ടുമിഴ ചേര്‍ക്കും!
ഒരു തുള്ളി പൂന്തേന്‍ മധുരം കൊണ്ടീ
വിരഹത്തിന്റെ കയ്പ് അലിയിച്ചു കളയും...
നിന്റെ ഗദ്ഗദങ്ങളെ സൌരഭ്യമാക്കി,
കാറ്റില്‍, അതിര്‍ത്തികള്‍ക്കപ്പുറം കടത്തും!

വീണ്ടും... മറ്റൊരു വിഷുക്കാലം വരും...
ഒരായിരം പൂങ്കുലകള്‍ വസന്തം വിടര്‍ത്തി,
വിരഹ ശിഖരങ്ങളുടെ നഗ്നത മറയ്ക്കും...
പൂവും അവയിലൊന്നായ് അലിഞ്ഞു ചേരും,
നിത്യ വസന്തത്തിലേറി നാം വീണ്ടുമൊന്നാവും!
പിന്നെയും, ഒരിക്കലുമാ ചില്ലകളിലിരുന്നു
രാക്കുയിലുകള്‍ വിഷാദരാഗം പാടില്ല;-
നിന്റെ ഹൃദയ ധമനികളെ പിച്ചിചീന്തില്ല.
അതുവരെയെന്നും നമുക്കു കണി കാണാന്‍
പൂങ്കുല ഒന്നു മാത്രം മതി, സഖീ...
കാത്തിരിക്കുന്നുവെന്നോര്‍ക്കാന്‍; പരസ്പരം,
നിനക്കായ് ഞാനുമെനിക്കായ് നീയും!........