Midhin Mohan
വാട്ടര്‍ അതോറിറ്റിയുടെ പൈപ്പിന്‍ ചുവട്ടില്‍, രാവിലെ ആറരക്കു വെള്ളം വരുന്നതും കാത്തിരിക്കുമ്പോള്‍ ഇത്തവണ മനുവിന് ബോറടിച്ചില്ല. കയ്യിലിരുന്ന മൊബൈല്‍ ഫോണില്‍ 'തേങ്ങ', 'മാങ്ങ', 'ചക്ക' മുതലായ റേഡിയോ സ്റ്റേഷനുകള്‍ ട്യൂണ്‍ ചെയ്തു കൊണ്ടിരുന്നു.....

റേഡിയോ
ചാനലുകള്‍, ശ്രോതാവിന്റെ 'ബുദ്ധിപരമായ സ്വതന്ത്ര
ചിന്തയെയും', 'സര്‍ഗാത്മകതയെയും' പ്രതികൂലമായി ബാധിക്കുമോ എന്ന് ഒരു ബുദ്ധിജീവി ആയ മനു അപ്പോള്‍ ചിന്തിച്ചില്ല. പക്ഷെ ഒരുകാര്യം ഉറപ്പാണ്.... മുന്‍പ്, ഇത്തരം സാഹചര്യങ്ങളില്‍ കാത്തിരിപ്പിന്റെ മുഷിച്ചില്‍ കുറക്കാന്‍ എം എ ഫിലോസഫി വിദ്യാര്‍ത്ഥി കൂടി ആയ മനു കണ്ടെത്തിയ വഴി, ലോകത്തിന്റെ നാനാഭാഗത്തുമുള്ള ഗൌരവമേറിയ പ്രശ്നങ്ങളെപ്പറ്റി ചിന്തിച്ചു, സ്വയം വിശകലനം ചെയ്യുകയായിരുന്നു. മനുവിന്റെ ഒരു വിമര്‍ശനം, തന്റെ സമകാലീനരായ യുവജനങ്ങള്‍, ഇത്തരം പ്രശ്നങ്ങളെപ്പറ്റി ബോധവാന്മാരല്ല എന്നുള്ളതാണ്. ആഗോള താപനം മൂലം ബോംബെ, രാമേശ്വരം, ഇത്യാദി പ്രദേശങ്ങള്‍ കടലെടുത്തെക്കാവുന്നത്തിനെപ്പറ്റിയോ, , ജനപ്പെരുപ്പവും പണപ്പെരുപ്പവും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ തകര്‍ക്കുന്നതിനേപ്പറ്റിയോ, മതതീവ്രവാദികളുടെ എണ്ണം പെരുകുന്നതിനെപ്പറ്റിയോ ആരും ചിന്തിക്കുന്നില്ല. അതിര്‍ത്തികളില്‍ പൊലിയുന്ന ജീവനുകളെപ്പറ്റി ആരും ഉത്കണ്ഠാകുലരല്ല. തന്റെ യുവസുഹൃത്തുക്കള്‍ ഏറ്റവുമധികം തലപുകക്കുന്നതും, ഗൌരവമേറിയ ചര്‍ച്ചകള്‍ നടത്തുന്നതും, സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ തുടര്‍ച്ചയായി തൊണ്ണൂറുകളില്‍ പുറത്താകുന്നതിനെക്കുറിച്ചാണ് ! ചിലര്‍, കഴിഞ്ഞ പാരീസ് ഫാഷന്‍ ഷോയില്‍ വന്ന നാലാമത്തെ മോഡലിന്റെ ഫ്രോക്കിന്റെ ഇറക്കം കൂടിപ്പോയതിനെ വിമര്‍ശിക്കുന്നത് കേട്ടു. ചില കുബേര കുമാരന്മാര്‍ സുസുകി ഹയാബുസയും, ഹോണ്ട സി ബി ആറും കവസാകി നിന്‍ജയും ഇന്ത്യയില്‍ വില്പനക്കെത്തുന്നതും കാത്തു അക്ഷമരായി കാത്തിരിപ്പു തുടരുന്നു...

ഇത്തരം
പ്രവണതകള്‍ക്കെതിരെ തീവ്രമായ വിമര്‍ശന ശരങ്ങള്‍ എയ്തു വിട്ടതിനു രക്തസാക്ഷിയാകേണ്ടി വന്ന ചരിത്രവുമുണ്ട്‌, നമ്മുടെ മനുവിന്. അത്തരത്തിലൊരു സംഭവം നടന്നത്, കഴിഞ്ഞ കോളേജ് ക്രിക്കറ്റ്‌ ടീം തിരഞ്ഞെടുപ്പിനിടെ ആയിരുന്നു. ടീം മീറ്റിംഗില്‍, ഗെയിംപ്ലാനിനെക്കുറിച്ചും, ടീം പാറ്റേണിനെക്കുറിച്ചും, ഗൌരവമേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കവേയാണ്, ടീമിലെ ഒരു 'അസ്ഥിര അംഗം' മാത്രമായ മനു, " രൂപയുടെ മൂല്യവര്‍ധനമൂലം അറേബ്യന്‍
രാജ്യങ്ങളിലെ മലയാളികളുടെ വരുമാനത്തിലുണ്ടാകുന്ന 'പൈസക്കണക്കിനുള്ള' നഷ്ടത്തെക്കുറിച്ചും അതുവഴി ഇന്ത്യയിലേക്കുള്ള വിദേശനാണ്യത്തില്‍ ആകെ വരുന്നകുറവിനെക്കുറിച്ചും " ടീം ക്യാപ്ടനോട് അഭിപ്രായം ചോദിച്ചത്. ക്യാപ്ടന്‍ ഒരു ക്ഷിപ്രകോപി ആയതു കൊണ്ടും, തത് സമയത്ത് ക്യപ്ടന്റെ കയ്യില്‍ ലെതര്‍ ബാള്‍ ഉള്ളതു കൊണ്ടും, മനു ഒരു ബാറ്റ്‌സ്‌മാന്‍ അല്ലാത്തതു കൊണ്ട് 'സുരക്ഷാ കവചങ്ങള്‍' ഒന്നും ധരിക്കാതിരുന്നതു കൊണ്ടും, സാമാന്യം നല്ലൊരുഏറു കിട്ടി. ഭാഗ്യത്തിന് 'മര്‍മ്മസ്ഥാനത്തിനു' ഏതാനും ഇഞ്ചുകള്‍ മാറിയാണ് പന്ത് കൊണ്ടത്. അല്ലായിരുന്നെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ കോളേജില്‍ ഒരു 'മനു സ്മാരക' ക്രിക്കറ്റ്‌ ടൂര്‍ണമെന്റ് സംഘടിപ്പിക്കാമായിരുന്നു...
എന്തായാലും
, മേല്‍പ്പറഞ്ഞ സംഭവത്തിനു ശേഷം, കോളേജ് ടീമില്‍, ഒരിടത്തിനായുള്ള മനുവിന്റെ കാത്തിരുപ്പ്, ഇന്നും 'അസ്ഥിരമായിത്തന്നെ' തുടരുന്നു....

മണി ഏഴായി... ചെവിയില്‍ 'റേഡിയോ തേങ്ങ' ട്യൂണ്‍ ചെയ്തു വച്ചിട്ടുണ്ടെങ്കിലും, അതിലെ അസഹനീയമായ അറുബോറന്‍ തമാശകള്‍ (സ്റ്റാന്‍ഡേര്‍ഡ് ഭാഷയില്‍ ചളി) മനുവിനെ ബോറടിപ്പിച്ചുതുടങ്ങി. സത്യത്തില്‍, ഇത്തരം റേഡിയോ ചാനലുകള്‍ വന്നതിനു ശേഷമാണ് മനുവിന്റെ അറുബോറന്‍ തമാശകള്‍ക്ക് കോളേജില്‍ ഒരു നിലയും വിലയും വന്നത് എന്നത് വിസ്മരിക്കാന്‍ വയ്യ. അടുത്തകാലത്ത് റേഡിയോ 'ബോണ്ട' എന്ന ഒരു സ്വകാര്യ ചാനല്‍ ഇരുപത്തിനാലു മണിക്കൂറും ചളിയടി പ്രക്ഷേപണം ചെയ്യാന്‍ തുടങ്ങിയതില്‍ പിന്നെ കോളേജില്‍ എല്ലാവരും മനുവിനെ "ബോണ്ടന്‍ മനു"
എന്ന് വിളിക്കാന്‍ തുടങ്ങിയത്രേ.

കഥകള്‍ എന്തൊക്കെയായാലും, സമയം എഴേകാലായിട്ടും വെള്ളത്തിനായി മനുവിന്റെ കാത്തിരിപ്പ് തുടരുകയാണ്. അച്ഛന്‍ കോളേജ് ഹോസ്റ്റലില്‍ ചേര്‍ത്തിട്ടും, പുറമേ മുറിയെടുത്തു താമസിക്കാന്‍ തീരുമാനിച്ച ശപിക്കപ്പെട്ട നിമിഷത്തെ പഴിച്ചു കൊണ്ട് മനു ഫോണ്‍ ബട്ടണില്‍ മാറി മാറി ഞെക്കിക്കൊണ്ടിരുന്നു.

സത്യത്തില്‍, ഉത്തരാധുനിക യുഗത്തിലും, "ഫാസ്റ്റ് ലൈഫ് " എന്നത് ഒരു കണ്‍സെപ്റ്റ് മാത്രമാണ് എന്നാണു മനുവിന്റെ വാദം. "മനു" എന്ന പേരു അറുബോറന്‍ ആണ്
എന്ന് സ്വയം തോന്നിയതിനാല്‍, ബോളിവുഡിലെ ചോക്ളേറ്റ് നായകന്മാര്‍ പരമ്പരാഗതമായി ഉപയോഗിച്ചു വരുന്ന "രോഹിത്" എന്നനാമധേയം സ്വീകരിക്കാന്‍ (നമ്മുടെ രാജപ്പന്‍ സരോജ് കുമാര്‍ ആയതു പോലെ. ) അപേക്ഷ കൊടുത്തത് അംഗീകരിച്ചു കിട്ടാനുള്ള കാത്തിരിപ്പ് ഇപ്പോഴും തുടരുകയാണ്. അപ്പോഴും കൂട്ടുകാര്‍ കളിയാക്കി:
" ബോണ്ടന്‍ മനു എന്നും ബോണ്ടന്‍ മനു തന്നെ!"
പിന്നെ നീനുവും, സിതാരയും, പ്രിയയും, ശാലിനിയും അയക്കുന്ന മെസ്സേജുകള്‍ക്ക്‌ ഒരേ സമയം മറുപടികൊടുക്കാനാവാതെ പാവം മനു എത്ര കഷ്ടപ്പെടുന്നു. " നെറ്റ്വര്‍ക്ക് സ്ലോ " ആണത്രേ.... പിന്നെ അഞ്ജലിക്ക് കൊടുത്ത ലവ് ലെറ്ററിന്റെ മറുപടി മാത്രം കാത്തിരിപ്പിനിടകൊടുക്കാതെ
പെട്ടെന്ന് കിട്ടി... ഏതായാലും, അവള്‍ക്കും അച്ഛനു വിളിക്കാന്‍ അറിയാമെന്നു അന്ന് മനസ്സിലായി...
അതൊക്കെ പോട്ടെ, റീവാല്യുവേഷനു അപേക്ഷ കൊടുത്തിട്ട് സപ്ലിമന്ററി എക്സാം കഴിഞ്ഞിട്ടും റിസള്‍ട്ടിനായി കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി....
അടുത്ത സപ്പ്ലിക്ക് കളയാന്‍ ഇനി കാശില്ല... പോക്കറ്റ് കാലി!....

അങ്ങനെയിരിക്കെ മരുഭൂമിയിലെ മഴ പോലെ അപ്രതീക്ഷിതമായി
അത് വന്നു..... റേഡിയോ തേങ്ങയില്‍ നമ്മുടെ ദാസേട്ടന്റെ ഒരു സ്വീറ്റ് മെലഡി....!. കാത്തിരുന്നു മുഷിഞ്ഞ മനുവിന്റെ കണ്ണുകള്‍മെല്ലെ അടഞ്ഞു തുടങ്ങി........ മനു സ്വപ്നം കാണാന്‍ തുടങ്ങി....... കാത്തിരിപ്പിന്റെ മുഷിച്ചിലില്ലാത്തൊരു ലോകം.... തന്റെ ചോദ്യ ശരങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഉടനുത്തരം...., അള്‍ട്രാ ഹൈ സ്പീഡ്ഇന്റര്‍നെറ്റ്‌, കമ്മ്യൂണിക്കേഷന്‍ ഗ്യാപ്പില്ലാത്ത ഫ്രണ്ട്സ്... ബോറടിക്കാത്ത ജീവിതം.....
ബക്കറ്റില്‍ തട്ടിത്തെറിച്ച വെള്ളത്തുള്ളികള്‍ മുഖത്തു തെറിച്ചിട്ടും, പിന്നില്‍ ക്യൂ നിന്നവരുടെ ചീത്ത വിളികേട്ടിട്ടും, മനു ഉണര്‍ന്നു. തിടുക്കത്തില്‍ പാത്രങ്ങളില്‍ വെള്ളം നിറച്ചു മനു നടന്നു...
ഇനി കക്കൂസിനു മുന്നില്‍, തലേന്ന് വെള്ളം കരുതി വെച്ച സാമര്‍ത്ഥ്യശാലികളായ കൂട്ടുകാരുടെ പിന്നില്‍, കാര്യസാധ്യത്തിനായുള്ള കാത്തിരിപ്പ്...., പിന്നെ കുളി, പല്ലുതേപ്പ് ,.... എല്ലാം
കഴിഞ്ഞു പത്തുമിനിട്ടെങ്കിലും വൈകി ഫസ്റ്റ് അവര്‍ ക്ലാസ്സിലെത്തുമ്പോള്‍ അധ്യാപകന്റെ ചീത്ത വിളി കേട്ട്, ക്ലാസ്സിനുവെളിയില്‍, സെക്കന്‍ഡ് അവറിനായുള്ള കാത്തിരിപ്പ്.........
എല്ലക്കാത്തിരിപ്പുകളും കഴിഞ്ഞ്, എന്റെ മനൂ, എന്നാണു നീ ഒരു 99.9% പെര്‍ഫെക്റ്റ്‌ മാന്‍ ആവുക?


Labels: | edit post
8 Responses
 1. വളരെ രസകരമായി പറഞ്ഞിരിയ്ക്കുന്നു.
  ആ മനു ഞങ്ങള്‍ക്കും പരിചിതനാണ്
  അവന്‍ ഒരിയ്ക്കലും താങ്കള്‍ ആശിയ്ക്കുന്ന ശതമാനത്തിലേക്ക് വരില്ല
  അല്ലെങ്കില്‍ വരരുത്.
  മനുവിനോട് അന്വേഷണങ്ങള്‍ പറയുക


 2. നന്നായിടുണ്ട്. ആശംസകള്‍.
  മനു, മിതിന്‍ ആണോ എന്ന് കൂ‍ടി അറിഞ്ഞാല്‍ സന്തോഷം.


 3. നന്നായിട്ടുണ്ട്!
  ആശംസകള്‍...


 4. തീരെ ബോറടിച്ചില്ല ... വാക്കുകള്‍ക്കു തിളക്കമുണ്ട് ..


 5. സീരിയസ് ആയ ഒരു തീം അല്പം തമാശയോടെ അവതരിപ്പിച്ചിരിക്കുന്നു.റേഡിയോ സ്വകാര്യവല്‍ക്കരിച്ചു എന്ന് പറഞ്ഞപ്പോഴേ ഞാന്‍ പേടിച്ചത് തന്നെ ഇപ്പോ സംഭവിച്ചിരിക്കുന്നു.പുതുതലമുറയുടെ ബുദ്ധിയെ തന്നെ അത് സാരമായി ബാധിച്ചിരിക്കുന്നു.കഥ നന്നായി.ഇനിയുമെഴുതൂ.
  :)


 6. നന്നായിട്ടുണ്ട്..
  ആശംസകള്‍..
  സസ്നേഹം,
  മുല്ലപ്പൂവ്


 7. കൊള്ളാം. തുടർന്നും എഴുതാൻ ബഷീർ ശൈലിയിൽ ഒരു ആശംസ!


 8. rajeev Says:

  Manu enna kuttiyudea jeevitham paramarshikumpol kadhakaran kaikollunna bibangalnnayitundu.... udhaharanam aayi parajal nammudea nadu, Radio thudiyava va iniyum kanthurankenda kalathileakku aanu viral choodunnathu ezhuthuka iniyum iniyum Manu ennilum undu ninnilum undu kanunna kannukal oru nimisham thuranu pidichal mathi.......... adhinandhangl....


Post a Comment