Midhin Mohan

ഉന്നം തെറ്റി വീശി, വീശിയല്ല,
എന്റെ വാക്കുകള്‍ക്ക് മൂര്‍ച്ച പോയത്....

നിന്റെ നോക്കു കൊണ്ടു വിരല്‍ തളര്‍ന്നിട്ടാണ്....

മരിക്കാന്‍ പോകുന്ന ഇരയുടെ കണ്ണില്‍ നോക്കരുതെന്ന് ,
ആരോ പറഞ്ഞത്‌ ഞാന്‍ മറന്നു....

അതുകൊണ്ടാണ്....

നിന്റെ തിളക്കമറ്റ കണ്ണുകള്‍ പേക്കിനാവായി വന്ന്,
എന്റെ ഉറക്കത്തെ തിന്നു തീര്‍ക്കുന്നത്...

നിന്റെ ഹൃദയ ധമനി പൊട്ടിച്ചെടുത്ത് ഞാന്‍ തീര്‍ത്ത
ഒറ്റക്കമ്പി വീണ, തനിയെ കരഞ്ഞു കരഞ്ഞ്.....
എനിക്ക് സ്വസ്ഥത തരാത്തത്....

നിന്റെ ഹൃദയ രക്തം ചാലിച്ചു ഞാനെഴുതിയ ചിത്രം,
തനിയെ തറയിലൊഴുകി, എന്നെ തെന്നി വീഴ്ത്തുന്നത്...

വീണ്ടും, വെളുത്ത പൂവായി വിടര്‍ന്നു, മണം പൂശി,
എനിക്ക് ചെന്നിക്കുത്ത് സമ്മാനിക്കുന്നത്.....

നരകത്തിലെങ്കിലും, പിന്തുടരരുതെന്നു പറഞ്ഞെങ്കിലും,
നീയില്ലാത്ത നരകം, വീണ്ടുമെനിക്കിന്നൊരു നരകം !.....

Midhin Mohan
പ്രവിത്താനം കവലയിലേക്കു തിരിയുന്ന പൊതുവഴിയിലെ,
ആദ്യത്തെ വഴിവിളക്കു തകര്‍ത്തതു ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും.....
ഞാനൊരു സാമൂഹ്യ ദ്രോഹിയാണെന്ന്.....

ഭരണപ്പാര്‍ട്ടിയുടെ ഓഫീസ് കെട്ടിടത്തിന്റെ
ജനല്‍ച്ചില്ല് തകര്‍ത്തത് ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും.....
പ്രതിപക്ഷത്തിന്റെ കറുത്ത കൈകളാണു ഞാനെന്ന്...

ബാലുവിന്റെ വിരലൊടിച്ചതു ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും...
ഗുണ്ടാ ലിസ്റ്റില്‍ എന്റെയും പേരുണ്ടെന്ന്.....

ഔസേപ്പു ചേട്ടന്റെ വീടിന്റെ ഓടിളക്കിയതു ഞാനാണെന്നു കേള്‍ക്കുമ്പോള്‍,
നിങ്ങള്‍ക്കു തോന്നും,
ഞാനൊരു മോഷ്ടാവാണെന്ന്...

അല്ലേയല്ല.....
വിശദീകരണം തരാം.

ഞാന്‍ അപ്പുക്കുട്ടന്‍; ഒരു പാവം എട്ടാം ക്ലാസ്സുകാരന്‍.

ഞാന്‍ കാരണം ഇതെല്ലാം സംഭവിച്ചത്....
ഞങ്ങളുടെ ക്രിക്കറ്റ് ഗ്രൌണ്ടിനു വെറും,
മുപ്പതു വാര മാത്രം വ്യാസമുള്ളതു കൊണ്ടാണ്.

ഓഫ്‌ സൈഡ് ബൌണ്ടറി പഞ്ചായത്താപ്പീസ്.....
ലെഗ് സൈഡ് ബൌണ്ടറി ഭരണപ്പാര്‍ട്ടി ഏരിയ കമ്മിറ്റി ആപ്പീസ്‌......
മീഡിയ ബോക്സ്‌, ഔസേപ്പ് ചേട്ടന്റെ ഓടിട്ട വീട്.....
ബാലു, സ്ഥിരം സില്ലി പോയിന്റ്‌ ഫീല്‍ഡറും..!

ഇടക്കിടക്ക്, ഒരു ലൂസ് ബാള്‍ വരുമ്പോള്‍.....
അറിയാതെ, ഒരു പവര്‍ ഷോട്ട് കളിച്ചു പോവുന്നതാണോ,
ഞാന്‍ ചെയ്ത കുറ്റം?.


പിന്‍കുറിപ്പ്:
സൂചി കുത്താന്‍ ഇടം കിട്ടുന്നിടതൊക്കെ
കോണ്‍ക്രീറ്റ് മരം നാട്ടാന്‍ മത്സരിക്കുന്ന മുതിര്‍ന്നവരേ...
അവസാനം തിരിച്ചു വരാന്‍ ദൈവം, ഒരു സൂപ്പര്‍ ഓവര്‍
വച്ചു നേടുമെന്ന് പ്രതീക്ഷിക്കേണ്ട......


Midhin Mohan
മുന്‍പ്‌, ഞാനൊരു സമാധാന പ്രിയനായിരുന്നു...
നാല് ചുമരുകള്‍ക്കുള്ളിലായിരുന്നു, എന്റെ ലോകം.
ഇറയത്തെ പെയ്ത്തു വെള്ളത്തില്‍ എഴുതിപ്പഠിച്ചു...
കാരണം, ജലരേഖകള്‍ മായ്ക്കാന്‍ എളുപ്പമാണ്....
അന്നെന്റെ വികാരം ,വിവേകത്തോടോ ,
ധാര്‍മികരോഷം സമാധാനത്തോടോ,
ഏറ്റു മുട്ടി ജയിച്ചിരുന്നില്ല.

മുറി വിട്ടു പറന്നു തുടങ്ങുമ്പോള്‍ മാറ്റേണ്ടി വന്നു,
എഴുത്തിന്റെ ഭാഷയും, മാനവും.
കളിയുടെ ഊടുവഴികളിലൂടെ കണ്ണ് തുറന്നു നടന്നു;
ലോകം ചുറ്റി വന്നു.

ഒരിടത്ത്..
ഒരു വെളുമ്പന്‍ പട്ടിണിപ്പാവങ്ങളുടെ
പച്ച റൊട്ടി തട്ടിപ്പറിച്ചു തന്റെ
പട്ടിക്കിട്ടു കൊടുത്താനന്ദിക്കുന്നതു കണ്ടു

മറ്റൊരിടത്ത്...
വെള്ളക്കാരന്റെ തുകല്‍പ്പന്തിനെ
ചങ്കുറപ്പാല്‍ നേരിട്ട കറുമ്പന്റെ
വില്ലോത്തടി പ്രതിരോധം,
വെള്ളക്കോട്ടിട്ട കള്ള യൂദാസിന്റെ
ചൂണ്ടു വിരലില്‍ അവസാനിച്ചതു കണ്ടു.

ആര്‍ഷ ഭാരതത്തിന്റെ വിരിമാറിലലയുമ്പോള്‍ കണ്ടു,
എകത്വത്തില്‍ നാനാത്വമെന്നു വഴി മാറിയ ദര്‍ശനം!

മതഭ്രാന്തില്‍ കാഴ്ച പോയ വിഡ്ഢികള്‍
തമ്മില്‍ത്തല്ലി തലകീറി ചോരയൊഴുക്കുന്നതു കണ്ടു..

കൊടിനിറം നോക്കി തമ്മില്‍ തല്ലിയ കലാകാരന്മാര്‍
നിരത്തുകളില്‍ ചെന്തീ നിറം കൊണ്ടു ചിത്രം വരക്കുന്നതു കണ്ടു...

തെരുവില്‍ ചത്തു മലച്ച പെണ്ണിന്റെ ഗര്‍ഭപാത്രം
വലിച്ചു കീറി കുഞ്ഞിനെത്തിന്ന തെരുവുപട്ടികള്‍,
ചൂലക്കൊച്ചിന്റെ അനാഥത്വത്തിനു വിലപറയുന്നതു കണ്ടു..

സ്വയം ബ്രഹ്മചാരികളെന്നോതി ദൈവത്തെ വിളിച്ചവര്‍,
അന്യജാതിക്കാരിയുടെ മടിക്കുത്തഴിച്ചവളുടെ
കന്യാത്വതിനു മേല്‍ കിരാതനൃതമാടുന്നതു കണ്ടു

ചില തെരുവുകളില്‍ മാനുകള്‍ സിംഹത്തെയും,
മുയലുകള്‍ കുറുക്കനെയും ഇരയാക്കുന്നതു കണ്ടു....

കട്ടച്ചോരയുടെ മണം മൂക്കിലടിച്ചപ്പോള്‍ ഓക്കാനം വന്നു.
ഛര്‍ദ്ദിച്ചു വെക്കാന്‍ വെള്ളക്കടലാസ് തേടി നടന്നു;
പേനക്കുള്ളില്‍ ചുടുചോര നിറച്ചെഴുതിത്തുടങ്ങി....
കണ്ടതൊക്കെ വരച്ചിട്ടതു കൊണ്ട് കടലാസ് പോര്‍ക്കളമായി.
അവസാനം, ഞാനതൊരു പത്രാധിപര്‍ക്കയച്ചു കൊടുത്തു.

സച്ചിന്‍ തെണ്ടുല്‍ക്കര്‍ തൊണ്ണൂറുകളില്‍ പുറത്താവുന്നതിന്റെ
ലേഖനം ആദ്യം കൊടുക്കേണ്ടത് കൊണ്ട്,
എന്റെ കലാപം, അയാളുടെ ചവറ്റുകുട്ടയിലവസാനിച്ചു!!!.


Midhin Mohan
അന്ന്........
മൂവാണ്ടന്‍ മാവിന്‍ ചുവട്ടില്‍ മണ്ണപ്പം ചുട്ടു കളിക്കുമ്പോള്‍
നീയെന്നെയൊരിക്കലും കറുമ്പനെന്നു ചൊല്ലിക്കളിയാക്കിയില്ല......
പള്ളിക്കൂടം വിട്ടു വരുന്നേരം പെരുമഴയത്ത് ഒക്കെയും നിന്റെ-
കുടക്കീഴില്‍ എന്നെയും ചേര്‍ക്കുമ്പോള്‍ മേനി നടിച്ചില്ല......
തെരുവിലെ പെട്ടിക്കടയില്‍ നിന്നു നാരങ്ങാ മിഠായി വാങ്ങി-
നുണയുമ്പോള്‍ 'നിറം' തിരിച്ചില്ല; 'പച്ച'യെന്നും 'ചുവപ്പെന്നും'.......
പങ്കു വെയ്ക്കാന്‍ പാത്രമില്ലാത്തപ്പോള്‍ ഒരിലയില്‍ നിന്നുണ്ടൂ;
കിട്ടിയതിലൊക്കെയും ഒരു പങ്കു മാറ്റി വച്ചു; പരസ്പരം.........

ഇന്ന്......
'നിറങ്ങള്‍' തിരിച്ചറിയും പ്രായത്തില്‍ നമുക്കോരോ കൊടി കിട്ടി..
നിനക്കു പച്ചയും, എനിക്ക് ചുവപ്പും... പിന്നെയും.....
നമുക്കിടയിലോരോ കരിനിറങ്ങള്‍ വേലി കെട്ടി.....
മനസ്സിനുള്ളിലവ സംഹാര താണ്ഡവമാടുമ്പോള്‍ .....
അമ്മിഞ്ഞപ്പാലിന്റെ മാധുര്യം മറന്നു; പിന്നഛനെയും.
നിറങ്ങളറിയാത്ത പിഞ്ചു സോദരരുടെ രോദനങ്ങളും....
പാവം പ്രണയിനി തന്‍ വെളുത്ത സ്നേഹവും, ജീവനും.....

വീണ്ടുമേതോ കരി നിറങ്ങള്‍ക്കായി മദിച്ചു
മത്സരിച്ചു- ,
തമ്മില്‍ വെട്ടിക്കീറുമ്പോള്‍ മാത്രം നമ്മളറിഞ്ഞു;....
നമ്മുടെ രക്തത്തിനൊരു നിറം മാത്രമന്നുമിന്നും!....
പ്രജ്ഞയറ്റ മാംസ പിണ്ഡങ്ങള്‍ മാത്രമാണിന്നു നാം; നമ്മുടെ
മനസ്സാക്ഷിയെങ്കിലും കൊത്തി വലിക്കാതിരിക്കട്ടെ, കരിം കഴുകന്മാര്‍!........

Midhin Mohan
തീരുമാനങ്ങള്‍ മാറ്റി വയ്ക്കുന്നതാണെപ്പോഴും-
എന്‍ പരാജയകാരണം എന്നറിഞ്ഞതിനാല്‍,

അവ ഇനിയൊരിക്കലും മാറ്റി വയ്ക്കില്ലെന്ന തീരുമാനം
ഞാന്‍ തല്‍ക്കാലം മാറ്റി വയ്ക്കുന്നു.....


കാരണം.....................


എനിക്കുറക്കം വരുന്നു..............Midhin Mohan

മഞ്ഞക്കണിക്കൊന്ന എന്നും നമുക്കായി പൂക്കുന്നു...
കിളി കൊത്താതെ, വെയില്‍ കരിക്കാതെ,എന്നും
ഒരു പൂങ്കുലയെങ്കിലും ബാക്കി വയ്ക്കുന്നു....
വിരഹത്തിലും, എന്നുമവ കണി കാണാം,
നിന്റെ സൌഹൃദത്തിന്റെ ഓര്‍മകള്‍ക്കായ്‌ ...
നിന്നോര്‍മയില്‍ ഞാന്‍ മരിച്ചെങ്കിലും, നിനക്കായ്...
അന്ധതയാല്‍ നിനക്കവ കാണാനായേക്കില്ല,
അഥവാ കഴിഞ്ഞാല്‍ തന്നെ ഉണക്കച്ചുള്ളികള്‍;
ഇലയും പൂവും പുഴു കടിച്ചവ; കരിഞ്ഞുണങ്ങിയവ!

എങ്കിലും പ്രിയസഖീ, ഞാന്‍ കാത്തിരിക്കാം,
നിന്നകക്കണ്ണു തുറക്കും വരെ, വെളിച്ചമായ്‌...
എങ്കിലുമാ പൂങ്കുല ഒറ്റക്കാവില്ല, കാരണം;-
സ്വപ്നങ്ങളിലെന്നും ഞാനതിനെ താരാട്ടുന്നു...
അവ പിച്ചിചീന്തപ്പെടില്ല; മേടക്കാററില്‍,
തല്ലിക്കൊഴിക്കപ്പെടില്ല ; തുലാമഴയില്‍.....
ഋതു ഭേദങ്ങളില്‍ നിറം മങ്ങാതെ, മായാതെ,
ഒരു നുള്ളു സ്വര്‍ണനൂല്‍ കനവു കൊണ്ടവ-
നമ്മുടെ സൌഹൃദത്തെ വീണ്ടുമിഴ ചേര്‍ക്കും!
ഒരു തുള്ളി പൂന്തേന്‍ മധുരം കൊണ്ടീ
വിരഹത്തിന്റെ കയ്പ് അലിയിച്ചു കളയും...
നിന്റെ ഗദ്ഗദങ്ങളെ സൌരഭ്യമാക്കി,
കാറ്റില്‍, അതിര്‍ത്തികള്‍ക്കപ്പുറം കടത്തും!

വീണ്ടും... മറ്റൊരു വിഷുക്കാലം വരും...
ഒരായിരം പൂങ്കുലകള്‍ വസന്തം വിടര്‍ത്തി,
വിരഹ ശിഖരങ്ങളുടെ നഗ്നത മറയ്ക്കും...
പൂവും അവയിലൊന്നായ് അലിഞ്ഞു ചേരും,
നിത്യ വസന്തത്തിലേറി നാം വീണ്ടുമൊന്നാവും!
പിന്നെയും, ഒരിക്കലുമാ ചില്ലകളിലിരുന്നു
രാക്കുയിലുകള്‍ വിഷാദരാഗം പാടില്ല;-
നിന്റെ ഹൃദയ ധമനികളെ പിച്ചിചീന്തില്ല.
അതുവരെയെന്നും നമുക്കു കണി കാണാന്‍
പൂങ്കുല ഒന്നു മാത്രം മതി, സഖീ...
കാത്തിരിക്കുന്നുവെന്നോര്‍ക്കാന്‍; പരസ്പരം,
നിനക്കായ് ഞാനുമെനിക്കായ് നീയും!........