Midhin Mohan

മഞ്ഞക്കണിക്കൊന്ന എന്നും നമുക്കായി പൂക്കുന്നു...
കിളി കൊത്താതെ, വെയില്‍ കരിക്കാതെ,എന്നും
ഒരു പൂങ്കുലയെങ്കിലും ബാക്കി വയ്ക്കുന്നു....
വിരഹത്തിലും, എന്നുമവ കണി കാണാം,
നിന്റെ സൌഹൃദത്തിന്റെ ഓര്‍മകള്‍ക്കായ്‌ ...
നിന്നോര്‍മയില്‍ ഞാന്‍ മരിച്ചെങ്കിലും, നിനക്കായ്...
അന്ധതയാല്‍ നിനക്കവ കാണാനായേക്കില്ല,
അഥവാ കഴിഞ്ഞാല്‍ തന്നെ ഉണക്കച്ചുള്ളികള്‍;
ഇലയും പൂവും പുഴു കടിച്ചവ; കരിഞ്ഞുണങ്ങിയവ!

എങ്കിലും പ്രിയസഖീ, ഞാന്‍ കാത്തിരിക്കാം,
നിന്നകക്കണ്ണു തുറക്കും വരെ, വെളിച്ചമായ്‌...
എങ്കിലുമാ പൂങ്കുല ഒറ്റക്കാവില്ല, കാരണം;-
സ്വപ്നങ്ങളിലെന്നും ഞാനതിനെ താരാട്ടുന്നു...
അവ പിച്ചിചീന്തപ്പെടില്ല; മേടക്കാററില്‍,
തല്ലിക്കൊഴിക്കപ്പെടില്ല ; തുലാമഴയില്‍.....
ഋതു ഭേദങ്ങളില്‍ നിറം മങ്ങാതെ, മായാതെ,
ഒരു നുള്ളു സ്വര്‍ണനൂല്‍ കനവു കൊണ്ടവ-
നമ്മുടെ സൌഹൃദത്തെ വീണ്ടുമിഴ ചേര്‍ക്കും!
ഒരു തുള്ളി പൂന്തേന്‍ മധുരം കൊണ്ടീ
വിരഹത്തിന്റെ കയ്പ് അലിയിച്ചു കളയും...
നിന്റെ ഗദ്ഗദങ്ങളെ സൌരഭ്യമാക്കി,
കാറ്റില്‍, അതിര്‍ത്തികള്‍ക്കപ്പുറം കടത്തും!

വീണ്ടും... മറ്റൊരു വിഷുക്കാലം വരും...
ഒരായിരം പൂങ്കുലകള്‍ വസന്തം വിടര്‍ത്തി,
വിരഹ ശിഖരങ്ങളുടെ നഗ്നത മറയ്ക്കും...
പൂവും അവയിലൊന്നായ് അലിഞ്ഞു ചേരും,
നിത്യ വസന്തത്തിലേറി നാം വീണ്ടുമൊന്നാവും!
പിന്നെയും, ഒരിക്കലുമാ ചില്ലകളിലിരുന്നു
രാക്കുയിലുകള്‍ വിഷാദരാഗം പാടില്ല;-
നിന്റെ ഹൃദയ ധമനികളെ പിച്ചിചീന്തില്ല.
അതുവരെയെന്നും നമുക്കു കണി കാണാന്‍
പൂങ്കുല ഒന്നു മാത്രം മതി, സഖീ...
കാത്തിരിക്കുന്നുവെന്നോര്‍ക്കാന്‍; പരസ്പരം,
നിനക്കായ് ഞാനുമെനിക്കായ് നീയും!........




Labels: | edit post
1 Response
  1. ശ്രീ Says:

    ബൂലോകത്തേയ്ക്ക് സ്വാഗതം


Post a Comment